മംഗളൂരുവില്‍ കര്‍ശന നിയന്ത്രണങ്ങള്‍; മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍. റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, 24, മീഡിയ വണ്‍ ചാനലുകളുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം അക്രെഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു.

വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി പ1ലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും ക്യാമറകളും പിടിച്ചെടുത്തു.