മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം; വിധി 15 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍

മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും അഞ്ചാം പ്രതിയ്ക്ക് മൂന്ന് വര്‍ഷം തടവും ഏഴ് ലക്ഷം പിഴയും വിധിച്ചു. 15 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നീ പ്രതികള്‍ക്കാണ് കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

അഞ്ചാം പ്രതി അജയട് സേഥിയ്ക്കാണ് മൂന്ന് വര്‍ഷം തടവ് കോടതി വിധിച്ചിരിക്കുന്നത്. ഡല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജസ്റ്റിസ് രവീന്ദ്രകുമാര്‍ പാണ്ഡെയാണ് ശിക്ഷ വിധിച്ചത്. നഷ്ടമായത് മികച്ച മാധ്യമപ്രവര്‍ത്തകയെയാണെന്നും നികത്താനാകാത്ത നഷ്ടമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ് കേസെന്നും സ്ത്രീകളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

കേസില്‍ ഇരു കക്ഷികളുടെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. വിധി കേള്‍ക്കാന്‍ സൗമ്യയുടെ മാതാവും കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. ബൈപ്പാസ് സര്‍ജറി കഴിഞ്ഞതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സൗമ്യയുടെ പിതാവ് കോടതിയില്‍ എത്തിയിരുന്നില്ല. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നാണ് സൗമ്യയുടെ മാതാപിതാക്കള്‍ മുന്‍പ് പറഞ്ഞിരുന്നത്. വധശിക്ഷയ്ക്ക് തങ്ങള്‍ എതിരാണെന്നും അത് പ്രതികള്‍ക്ക് വേഗത്തിലുള്ള രക്ഷപ്പെടലാകുമെന്നും പറഞ്ഞ മാതാപിതാക്കള്‍ തങ്ങള്‍ അനുഭവിച്ചത് പ്രതികളും അറിയണമെന്നും പ്രതികരിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 30ന് ആയിരുന്നു സൗമ്യ കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഹെഡ്‌ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു സൗമ്യ. രാത്രി ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം. നെല്‍സണ്‍ മണ്ഡേല റോഡില്‍ വച്ച് പ്രതികള്‍ കാറ് തടഞ്ഞു. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം സൗമ്യയ്ക്ക് നേരെ നിറയൊഴിച്ചു.

വെടിയേറ്റാണ് സൗമ്യ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിട്ടും പൊലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 2009ല്‍ മറ്റൊരു കൊലപാതക കേസ് അന്വേഷിക്കുന്നതിനിടയിലാണ് പൊലീസ് സൗമ്യ വധക്കേസിന്റെ ചുരുളഴിച്ചത്.