"ജോയിൻ്റ് ബാങ്ക് അക്കൗണ്ടുകൾ, എടിഎം ആക്സസ്..."; വീട്ടമ്മമാരുടെ അവകാശങ്ങൾ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതി

കുടുംബത്തിൽ വീട്ടമ്മമാർ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെയും വീട്ടുകാർക്കായി അവർ ചെയ്യുന്ന ത്യാഗങ്ങളെയും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. കുടുംബത്തിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്ക് എടുത്തു പറഞ്ഞ കോടതി, ഭർത്താക്കന്മാർ വീട്ടമ്മമാരായ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞു.

“ഭർത്താക്കന്മാർ അവരുടെ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടതിൻ്റെ ആവശ്യകത ഞങ്ങൾ ഉയർത്തിക്കാട്ടുന്നു. കുടുംബത്തിനുള്ളിൽ സ്ത്രീകൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ജോയിൻ്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുക, എടിഎം ആക്സസ് പങ്കിടുക തുടങ്ങിയ പ്രായോഗിക നടപടികൾ” സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.

വിവാഹ മോചിതയായ മുസ്ലീം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ കേസ് നൽകാമെന്ന സുപ്രധാന ഉത്തരവിനിടെയാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.

മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഉത്തരവ്, ജീവനാംശം ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശമാണെന്നും അടിവരയിടുന്നു. “ഈ അവകാശം മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നു, വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ലിംഗസമത്വത്തിൻ്റെയും സാമ്പത്തിക സുരക്ഷയുടെയും തത്വം ശക്തിപ്പെടുത്തുന്നു,” കോടതി പറയുന്നു.

തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2017ലാണ് മുഹമ്മദ് അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ മുസ്ലീം വ്യക്തിനിയമ പ്രകാരം വിവാഹ മോചിതരായത്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതരായതിനാല്‍ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം വിവാഹമോചനം നല്‍കേണ്ടതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ സുപ്രീംകോടതി, സമദിന്റെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്‍കണമെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.