ജെ.എന്‍.യു ആക്രമണം: ആസൂത്രണം ചെയ്തത് 'ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ; ഗ്രൂപ്പില്‍ യൂണിവേഴ്‌സിറ്റി പ്രോക്റ്ററും

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ആസൂത്രണം ചെയ്തത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജെഎന്‍യു പ്രോക്റ്ററായ വിവേകാനന്ദ സിംഗും അംഗമായിരുന്നെന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിലെ കണ്ടെത്തല്‍.

2004- ലെ യൂണിയന്‍ തിരഞ്ഞെടുപ്പ് എ ബി വി പി യുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്നു വിവേകാനന്ദ സിംഗ്. അതേസമയം ഇക്കാര്യം വിവേക് സിംഗ് നിഷേധിച്ചു. ഗ്രൂപ്പിലെ ചര്‍ച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഗ്രൂപ്പ് വിട്ടെന്നും പ്രോക്റ്റര്‍ പറഞ്ഞു.

അക്രമണത്തിന് പിന്നാലെ പുറത്തു വന്ന സ്‌ക്രീന്‍ ഷോട്ടുകളും അവയിലെ മൊബൈല്‍ നമ്പറുകളും സംഘര്‍ഷ ദിവസത്തെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുമാണ് കണ്ടെത്തല്‍.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. സഹായം തേടി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശങ്ങളും കിട്ടിയെന്ന് വ്യക്തമാക്കിയ ഡല്‍ഹി പൊലീസ് അക്രമം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ 8 എബിവിപി ഭാരവാഹികളാണെന്ന് പറഞ്ഞു. ആക്രമികള്‍ ആശയ വിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ “ദേശ വിരുദ്ധരെ” ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കു വെച്ചിട്ടുണ്ട്.

അക്രമം ആസൂത്രിതമാണെന്നും കാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും എബിവിപി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.