ജമ്മു കശ്മീര്‍ ബില്ലുകള്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രത്തിന്റെ തുടര്‍ച്ച; മോദി സര്‍ക്കാരിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയം പുറത്തായെന്ന് എ എ റഹിം എംപി

രാജ്യസഭയില്‍ അവതരിപ്പിച്ച ജമ്മു കശ്മീര്‍ എസ്സി എസ്ടി ഓര്‍ഡര്‍ നിയമദേഭഗതി ബില്ലിനെതിരെ എഎ റഹിം. ജമ്മു കശ്മീര്‍ ബില്ല് മോദിസര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു.

2022-ലെ മണ്ഡല പുനര്‍നിര്‍ണയം പോലെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. ജമ്മു മേഖലയില്‍ പുതുതായി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ രൂപീകരിച്ചപ്പോള്‍ കാശ്മീരില്‍ ഒന്ന് മാത്രം രൂപീകരിച്ചു. 44 ശതമാനം വരുന്ന ജമ്മുവിലെ ജനങ്ങള്‍ക്ക് 48 ശതമാനം സീറ്റ്. 56 വരുന്ന കാശ്മീര്‍ ജനതയ്ക്ക് 52 ശതമാനം സീറ്റ് മാത്രം. സത്യസന്ധമായ തെരഞ്ഞെടുപ്പിനോടുള്ള ഭയമാണ് ഇത്തരം ബില്ലുകളുടെ അവതരണത്തിലേക്ക് സര്‍ക്കാറിനെ നയിക്കുന്നതെന്ന് റഹിം കുറ്റപ്പെടുത്തി.

370-ാം വകുപ്പ് റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ധനയുണ്ടായെന്നും റഹിം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.