രാജ്യദ്രോഹ ചട്ടം റദ്ദ് ചെയ്യുമെന്ന് പറയുന്ന പാര്‍ട്ടിക്ക് വോട്ടിന് അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് പ്രകടനപത്രികയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്

മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആശയങ്ങളെന്ന് അരുണ്‍ ജയ്റ്റ്‌ലി.
രാജ്യദ്രോഹ കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ല. തീര്‍ത്തും അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാഗ്ദാനങ്ങള്‍ ഉന്നയിക്കാനാകുന്നത്. രാജ്യത്തെ ശിഥിലീകരിക്കുന്ന ഇത്തരം ആശയങ്ങളെന്നും പത്രസമ്മേളനത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞു. വര്‍ഷം 72000 രൂപ ദരിദ്ര കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഇതിനുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്നും ജെയ്റ്റ്‌ലി ചോദിച്ചു.

വിപ്ലവകരമായ നിയമപരിഷ്‌കാരങ്ങളാണ് ഇന്ന് രാവിലെ പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. രാജ്യദ്രോഹ കുറ്റത്തെ നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തു കളയും. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന വകുപ്പായാണ് പ്രകടനപത്രിക ഇതിനെ വിശേഷിപ്പിക്കുന്നത്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടു വരും എന്ന വാഗ്ദാനവുമുണ്ട്. വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.

ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങള്‍ എടുത്തു കളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. പൗരസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന പുതിയ ചില നിയമങ്ങള്‍ കൊണ്ടു വരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

സൈന്യത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം.
ക്രിമിനല്‍ നടപടി നിയമം സമഗ്രമായി പരിഷ്‌കരിക്കും.