"നടപടിത്തെറ്റ്, മോശം പെരുമാറ്റം"; ഐ‌.എ‌.എസിൽ നിന്നും രാജിവെച്ച കണ്ണൻ ഗോപിനാഥന് എതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ജമ്മു കശ്മീരിലെ കേന്ദ്രസർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ‌എ‌എസ്) നിന്നും രാജിവെച്ച കണ്ണൻ ഗോപിനാഥനെതിരെ രണ്ട് മാസത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഒക്ടോബർ 24-ന് പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ മെമ്മോറാണ്ടം പ്രകാരം “നടപടിത്തെറ്റ്”, “മോശം പെരുമാറ്റം” എന്നിവയുടെ അടിസ്ഥാനത്തിൽ 1969-ലെ അഖിലേന്ത്യാ സർവീസസ് (അച്ചടക്കം, അപ്പീൽ) നിയമങ്ങളുടെ എട്ടാം ചട്ട പ്രകാരം കണ്ണൻ ഗോപിനാഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൻ തന്നെയാണ് ബുധനാഴ്ച ഈ ഉത്തരവ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

15 ദിവസത്തിനകം മെമ്മോറാണ്ടം ലഭിച്ചതായി അറിയിക്കണം എന്ന് കണ്ണൻ ഗോപിനാഥന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.  “ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തികൾ, അനുസരണക്കേട്, കടമകൾ നിർവഹിക്കാതിരിക്കൽ” തുടങ്ങിയ നിരവധി കുറ്റങ്ങളാണ് കണ്ണനെതിരെ ആരോപിച്ചിരിക്കുന്നത്.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ആശയവിനിമയത്തെ “ചാർജ്‌ഷീറ്റ്” എന്നാണ് കണ്ണൻ ഗോപിനാഥൻ പരാമർശിച്ചത്, എന്നാൽ ഇത് ഒരു കാരണം കാണിക്കൽ അറിയിപ്പ് മാത്രമാണ്.

എജി‌എം‌യുടി (അരുണാചൽ പ്രദേശ്, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങൾ) കേഡറിലെ 2012 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് ഗോപിനാഥൻ. മോദി സർക്കാർ ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് 20 ദിവസത്തിന് ശേഷമാണ് അദ്ദേഹം ഐ‌എ‌എസിൽ നിന്ന് രാജിവെച്ചത്.