ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐ.എം.എ

ഒമിക്രോണ്‍ വ്യാപന പഞ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് നല്‍കണം. അതോടൊപ്പം പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും മുന്‍ഗണന നല്‍കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് നടപടിയെന്ന് ഐഎംഎ ദേശീയ അദ്ധ്യക്ഷന്‍ ജയലാല്‍ വ്യക്തമാക്കി.

രാജ്യത്ത് കുട്ടികളുടെ വാക്‌സിന്‍ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചും ഉടന്‍ തീരുമാനം എടുക്കണമെന്ന് ഐഎംഎ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന്റെ കാര്യത്തിലും വ്യക്തത വരുത്തണം. ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും ഉറപ്പാക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതിരോധ ശേഷി കുറഞ്ഞ കുഞ്ഞുങ്ങളെയും വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും, പ്രായമായവര്‍ക്കും, മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നതാണ് പരിഗണിക്കുന്നത്. നിലവില്‍ യുഎഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നടക്കുന്ന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിന് ശേഷം കൂടുതല്‍ നടപടികള്‍ അറിയിക്കും. ജനക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണിന്റെ വ്യാപന ശേഷിയെ കുറിച്ച് വ്യക്തതയില്ല. അതിനാല്‍ ജാഗ്രത ആവശ്യമാണ്. നിലവിലെ അടിയന്തര സ്ഥിതി കണക്കിലെടുത്താണ് ഉപദേശക സമിതി യോഗം ചേരുന്നത്. ദക്ഷിണാഫ്രിക്കയിലും മറ്റ് രാജ്യങ്ങളിലും അതിവേഗമാണ് ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചത്. കുട്ടികളില്‍ കോവിഡ് വ്യാപനം കൂടുതലായി കാണുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ 21 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധനയ്ക്ക് അയച്ചവരുടെ ഫലങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. അതേസമയം ഈ വര്‍ഷത്തെ നീറ്റ്-പിജി കൗണ്‍സിലിങ് വൈകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ജയലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.