'പുറംരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി തെറ്റല്ല, പക്ഷെ ഇത്രയും കയറ്റി അയക്കണമായിരുന്നോ'; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐ.എം.എ

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഐ.എം.എ. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാള്‍ കുറവാണ്. അതൊരു വലിയ നേട്ടമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ലെന്നും ഐ.എം.എ പറഞ്ഞു. കേരളത്തിന്റെ മുഴുവന്‍ ആരോഗ്യസംവിധാനത്തെയുമാണ് ഇതില്‍ അഭിനന്ദിക്കേണ്ടതെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ജയലാല്‍ പ്രതികരിച്ചു.

അതേസമയം വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയും ഐ.എം.എ വിമര്‍ശിച്ചു. വാക്‌സിന്റെ കുറവുണ്ടാകുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കണമായിരുന്നു. പുറംരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയച്ചത് തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ ഇത്രയും കയറ്റിയക്കണമായിരുന്നോ എന്നതാണ് ചോദ്യം. നിലവില്‍ വാക്‌സിന്റെ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കയറ്റുമതി കുറയ്ക്കണം. കൊവിഷീല്‍ഡിനൊപ്പം മറ്റു വാക്‌സിനുകളും ഉപയോഗിക്കാനും തയ്യാറകണമെന്നും ഡോ. ജയലാല്‍ കൂട്ടിച്ചേര്‍ത്തു.

Read more

“വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞത് 40 കോടി പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിച്ചിരിക്കണം. 9 കോടിയില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാമെന്നാണ്. അതില്‍ പ്രയോജനമില്ല,’ ഡോ.ജയലാല്‍ പറഞ്ഞു.