അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്; ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ സിബിഐ മലയാളം വാര്‍ത്താ ചാനലായ ജയ്ഹിന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ്.

സിബിഐ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് അയച്ചത്. ശിവകുമാറിന്റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ചാനലില്‍ നിക്ഷേപമുണ്ടോ എന്നും നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഡിവിഡന്റ് ഷെയര്‍, ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിംഗ് സ്‌റ്റേറ്റ്‌മെന്റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്‍ട്രാക്ട് വിവരങ്ങള്‍ എന്നിവയും സിബിഐ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013-2018 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ അയച്ച നോട്ടീസ് ലഭിച്ചതായി ജയ്ഹിന്ദ് ചാനല്‍ എംഡി ഷിജു പറഞ്ഞു. നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും നിക്ഷേപങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും ഷിജു കൂട്ടിച്ചേര്‍ത്തു.