ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത് പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെ?; എയര്‍ ഇന്ത്യ വിമാനത്തിന് അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും സാങ്കേതിക തകരാര്‍; ഡല്‍ഹി- അഹമ്മദാബാദ് യാത്രയില്‍ പൈലറ്റ് പരാതിപ്പെട്ടിരുന്നു

ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍ തൊട്ടുമുമ്പുള്ള യാത്രയിലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പൈലറ്റുമാരേ സംശയമുനമ്പിലാക്കി വിമാന കമ്പനികള്‍ക്ക് ആശ്വാസമാകുന്ന പൂര്‍ണമല്ലാത്ത പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തുവിട്ടതില്‍ വലിയ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് പുതിയ വഴിത്തിരിവ്. നേരത്തെയും അപകടത്തില്‍പ്പെട്ട വിമാനത്തിന് സാങ്കേതി തകരാറുകളുണ്ടായിരുന്നെന്ന് തൊട്ടുമുമ്പുള്ള യാത്രയിലെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

അപകടത്തിന് തൊട്ടുമുമ്പുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ളതായിരുന്നു. ഈ യാത്രയിലാണ് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് പരാതിപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത് പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെയാണെന്ന സംശയം ബലപ്പെടുന്നുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന് ലണ്ടന്‍ യാത്രയ്ക്ക് തൊട്ടുമുമ്പ് ഉണ്ടായിരുന്ന തകരാറുകളെക്കുറിച്ചും വെളിപ്പെടുത്തല്‍ ഉണ്ടായതോടെ ഇതുസംബന്ധിച്ച പരിശോധനകളെക്കുറിച്ചടക്കം അന്വേഷണം നടക്കുന്നുണ്ട്.

ഇതേ വിമാനത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് തവണ ഇലക്ട്രിക്കല്‍ തകരാറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ നിലവില്‍ വിമാനത്തിന് തകരാറൊന്നും ഇല്ലെന്ന എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തൊട്ടുമുമ്പുള്ള യാത്രയിലും ആഴ്ചകള്‍ക്ക് മുമ്പുള്ള ഇലക്ട്രിക്കല്‍ തകരാറും പരിഗണനാവിഷയമായില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് പൈലറ്റുമാരുടെയടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിറക്കുകയും ചെയ്തു. ഇതോടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു പ്രതികരിച്ചത്.

ഇന്ധന സ്വിച്ച് ഓഫ് ആയതാണ് അപകട കാരണമെന്നാണ് പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. എന്നാല്‍, ഇത് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച അവ്യക്തത റിപ്പോര്‍ട്ടിലടക്കം തുടരുന്നുണ്ട്. പൈലറ്റുമാര്‍ ഓഫ് ആക്കിയതാണോ എന്നതായിരുന്നു ആദ്യ സംശയം. എന്നാല്‍ പൈലറ്റുമാര്‍ വിദഗ്ധരാണെന്നും അവരുടെ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് പൈലറ്റുമാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു ഏറ്റവും അടിസ്ഥാനപരമായ തെറ്റ് ഇത്രയും ഫ്‌ലൈയിംഗ് ഹവേഴ്‌സുള്ള പൈലറ്റുമാരില്‍ നിന്നുണ്ടാവില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണത്തില്‍ പൈലറ്റ് പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. സുതാര്യമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുംവരുംമുമ്പ് ഇത്തരത്തില്‍ കുറ്റം ചുമത്തുന്നത് നിരുത്തരവാദപരമാണെന്നും എഫ്‌ഐപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്ധനസ്വിച്ച് ഓഫ് ആയത് പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെയാണോ എന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതേ വിമാനം അപകടം നടക്കുന്നതിന് തൊട്ടുമ്പ്, ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള സര്‍വീസിനിടെ ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായതായി മറ്റൊരു പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. ഇലക്ടിക്കല്‍ പിഴവിലൂടെ പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ സ്വിച്ച് ഓഫാകാനുള്ള സാധ്യതയും ഇതോടെ ശക്തമായി. ഡല്‍ഹിയില്‍ നിന്ന് അഹമദാബാദില്‍ എത്തിയതിന് പിന്നാലെ സാങ്കേതിക തകരാര്‍ പരിഹരിച്ചുവെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇതേ വിമാനം അഹമദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കുംമുമ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും സര്‍വീസ് നര്‍ത്തിവെച്ച് അത് പരിഹരിച്ച ശേഷം പിറ്റേ ദിവസം യാത്ര പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.

Read more

പലകുറി സാങ്കേതിക തകരാറുണ്ടായ എയര്‍ ഇന്ത്യ വിമാനത്തിന് ഇത്തരത്തിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങളാണോ നിലവിലെ അഹമ്മദാബാദ് അപകടത്തിന് കാരണമായതെന്നകതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍, സോഫ്റ്റ്വെയര്‍ ഘടകങ്ങളില്‍ ഉണ്ടായ തകരാറുകള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തരം തകരാറുകള്‍ ‘നിയന്ത്രണം നഷ്ടപ്പെട്ട’ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായേക്കാമെന്ന വസ്തുതയുമുണ്ട്. വിമാനം ‘ലിഫ്റ്റ്-ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്ക് ശേഷം ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട്-ഓഫ് മോഡിലേക്ക് പോകുന്ന തരത്തില്‍ പൈലറ്റ് മാനുവലി കമാന്‍ഡ് ചെയ്യാതേയും സംഭവിക്കാനുള്ള സാധ്യതയും അന്വേഷണത്തിലൂടെ കണ്ടെത്താം. ഇതു അന്വേഷിക്കുന്നുണ്ടെന്നാണ് അന്വേഷണത്തെക്കുറിച്ച് അറിയുന്ന ഒരു ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്താതെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയത്. ജൂണ്‍ 12-ന്, വിമാനം പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 260 പേരാണ് മരിച്ചത്.