'രാജ്യത്തിന് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശം, പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ല'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശമായിരിക്കും പാകിസ്ഥാന് ഫലമെന്ന് മോദി പറഞ്ഞു. ഇനി കുറച്ച് കാലം പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യക്ക് മുന്നിൽ ഒന്നും അല്ലാതായെന്നും നരേന്ദ്രമോദി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ സൈനികരെയും നരേന്ദ്ര മോദി അഭിനന്ദിച്ചു. ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്‌മരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി. അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്‌മണരേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു. അതേസമയം രാജ്യം മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇനി ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും എന്നതാണ് ഒന്നാമത്തെ തീരുമാനമെന്ന് മോദി പറഞ്ഞു. ആണവ ഭീഷണി വച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകരരെയും വേർതിരിച്ച് കാണില്ലെന്നും പറഞ്ഞു.