ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കോവിഡ് പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.

കോവിഡ് -19 രോഗ പ്രതിരോധം, ചികിത്സ, വാക്സിൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന പരമോന്നത സ്ഥാപനത്തിന്റെ മേധാവിയാണ് ബൽറാം ഭാർഗവ.

ആരോഗ്യ ഗവേഷണ വകുപ്പ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. പ്രൊഫ. ബൽ‌റാം ഭാർ‌ഗവയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ കോവിഡ് -19 കണക്കനുസരിച്ച് ഇന്ത്യയിൽ 99.79 ലക്ഷത്തിലധികം കോവിഡ് -19 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 3.10 ലക്ഷത്തിലധികം പേർക്ക് നിലവിൽ രോഗം ഉണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഇന്ത്യയിൽ ഇതുവരെ 95 ലക്ഷത്തിലധികം ആളുകൾ സുഖം പ്രാപിച്ചു. മരണസംഖ്യ 1,44,789 ആണ്.