മുസ്ലീം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍; ഈ മാസം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍; ഇന്ത്യയില്‍ ആദ്യം

ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു. 25നാണ് പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുക.

ഇതിന് മുന്നോടിയായി മജിലിസ് നിയമസഭ കക്ഷി നേതാവ് അക്ബറുദ്ദിന്‍ ഒവൈസി സെക്രട്ടേറിയറ്റ് വളപ്പില്‍ പണി പൂര്‍ത്തിയാകുന്ന മുസ്ലിം പള്ളി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഓരോ ജില്ലകളിലും മുസ്ലിം സെമിത്തേരിയും പള്ളിയും വിവാഹ മണ്ഡപങ്ങളും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റു അധികൃതരുമായും ചര്‍ച്ച നടത്തി.

സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു. ചെറിയ തോതില്‍ ഈ ആരാധനാലയങ്ങളില്‍ പ്രധാന ഉത്സവങ്ങളും നടക്കും.

2021 നവംബര്‍ 25 -നാണ് ആരാധനാലയങ്ങള്‍ക്ക് തറക്കല്ലിട്ടത്. പഴയ സെക്രട്ടേറിയറ്റ് സമുച്ചയം പൊളിച്ചുമാറ്റിയപ്പോള്‍ ആരാധനാലയങ്ങളും പൊളിച്ചിരുന്നു. ഇതിന്റെ പ്രതിഷ്ഠകള്‍ തന്നെയാണ് പുതുതാി പണികഴിപ്പിച്ച ആരാധനാലയങ്ങളിലേക്കും മാറ്റിയിരിക്കുന്നത്. രാജ്യത്ത് ഹൈദരാബാദില്‍ മാത്രമാണ് എല്ലാ ആരാധനാലയങ്ങളും സെക്രട്ടേറിയറ്റ് വളിപ്പില്‍ ഉള്ളത്.