മകന്റെ മൃതശരീരം വിട്ടുകിട്ടാന്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍; ഭിക്ഷ യാചിച്ച് വൃദ്ധ ദമ്പതികള്‍

മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനായി തെരുവിലിറങ്ങി ഭിക്ഷയാചിക്കുകയാണ് വൃദ്ധ ദമ്പതികള്‍. മൃതശരീരം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്. ബിഹാറിലാണ് സംഭവം.

ദമ്പതികളുടെ മകനെ കുറച്ചു നാളുകള്‍ക്ക് മുമ്പ് കാണാതായിരുന്നു പിന്നാലെ മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു.

‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ – മഹേഷ് പറയുന്നു. പണം തേടി അലഞ്ഞ ദമ്പതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

സമസ്തിപൂര്‍ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ല. താല്‍ക്കാലിക ജീവനക്കാര്‍ രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്ന് അനധികൃതമായി പണം വാങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം സംഭവമാണെന്നാണ് റിപ്പോര്‍ട്ട്.