ഭീമ കൊറേഗാവ്‌ കേസ്: അഞ്ച്‌ വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന മഹേഷ്‌ റാവുത്തിന്‌ ജാമ്യം

ഭീമ കൊറേഗാവ്‌ കേസില്‍ അഞ്ച്‌ വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന ആക്ടിവിസ്‌റ്റ്‌ മഹേഷ്‌ റാവുത്തിന്‌ ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌. മഹേഷിനെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല എന്നു നിരീക്ഷിച്ചാണ്‌ ഡിവിഷന്‍ ബെഞ്ച്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌.

അപ്പീല്‍ ഫയല്‍ ചെയ്യാന്‍ എന്‍ഐഎ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഉത്തരവ്‌ ഒരാഴ്‌ചത്തേക്ക്‌ സ്റ്റേ ചെയ്‌തിട്ടുണ്ട്‌. ജസ്‌റ്റിസുമാരായ എഎസ്‌ ഗഡ്‌കരി, ശര്‍മിള ദേശ്‌മുഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ്‌ മഹേഷിന്‌ വേണ്ടി കോടതിയില്‍ ഹാജരായത്‌.

മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി മേഖലയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്‌ മഹേഷെന്നും എന്‍ഐഎ ആരോപിച്ചതുപോലെ നിരോധിത സംഘടനയുമായി മഹേഷിന്‌ ബന്ധമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മഹേഷ്‌ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും ജാമ്യം നിരസിക്കണമെന്നും ആയിരുന്നു എന്‍ഐഎയുടെ വാദം.

2018 ജനുവരിയിൽ ഭീമ കൊറേഗാവ്‌ ഗ്രാമത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു മഹേഷിനെതിരെയുള്ള കേസ്‌. 2018 ജൂണ്‍ ആറിനാണ്‌ മഹേഷ്‌ റാവുത്തിനെ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഈ കേസില്‍ കുറ്റാരോപിതരായ 16 പേരില്‍ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ്‌ മഹേഷ്‌ റാവുത്ത്‌.