ശിവസേന ആസ്ഥാനത്ത് ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ; എം.എന്‍.എസ് നേതാവ് കസ്റ്റഡിയില്‍

മഹാരാഷ്ട്രയില്‍ ശിവസേന ആസ്ഥാനത്തിന് മുന്നില്‍ ലൗഡ്സ്പീക്കറില്‍ ഹനുമാന്‍ ചാലിസ വച്ച് പ്രതിഷേധിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്). എംഎന്‍എസ് നേതാവ് യശ്വന്ത് കില്ലേകറെ ശിവാജി പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ടാക്‌സി ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്ത് വാഹനം പൊലീസ് പിടിച്ചെടുത്തു.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ടാക്‌സിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ കില്ലേകറിന് അനുമതി ഉണ്ടായിരുന്നോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. എംഎന്‍എസ് പതാകയും ഉച്ചഭാഷിണിയുമുള്ള ടാക്‌സി ശിവസേന ഭവന് മുന്നില്‍ നിര്‍ത്തിയിട്ട് ഹനുമാന്‍ ചാലിസ ഉറക്കെ വയ്ക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇത് തടഞ്ഞത്.

രാംനവമിയോടനുബന്ധിച്ച് മുംബൈയിലെ ശിവസേന ഭവന് പുറത്ത് ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് രാജ് താക്കറെയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പള്ളികളില്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നായിരുന്നു പ്രഖ്യാപനം.

മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നാണ് നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ പറഞ്ഞത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉച്ചഭാഷിണികള്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണ്. അവ മാറ്റുന്ന കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് അതില്‍ ഹനുമാന്‍ ചാലിസ വെക്കും. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.