'വർക്ക് ഫ്രം വെഡിംഗ്'; വിവാഹദിനത്തിൽ മണ്ഡപത്തിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന വരൻ

 

കോവിഡ് -19 പകർച്ചവ്യാധി നമ്മുടെ ദൈനദിന ജീവിത രീതികളെ വലിയ രീതിയിലാണ് മാറ്റിയത്. വ്യക്തിഗത കാര്യങ്ങൾ മുതൽ ഔദ്യോഗിക ജീവിതം വരെ എല്ലാത്തിനെയും പകർച്ചവ്യാധി സ്വാധീനിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനായി നമ്മളിൽ പലരും വീട്ടിൽ തന്നെ തുടർന്നു, ഈ സമയത്ത് നമ്മളെല്ലാവരും “വർക്ക് ഫ്രം ഹോം (വീട്ടിൽ നിന്ന് ജോലി ചെയ്യുക)” എന്ന ഒരു പുതിയ വക്കും പരിചയപ്പെട്ടു, അത് മിക്ക ആളുകളുടെയും ജീവിതത്തിന്റെ ഭാഗവുമായി മാറി. ഇപ്പോഴിതാ “വർക്ക് ഫ്രം ഹോം” “വർക്ക് ഫ്രം വെഡിങ്” ആയി മാറിയിരിക്കുകയാണ്.

വിവാഹദിനത്തിൽ ഒരു വരൻ തന്റെ ലാപ്ടോപ്പുമായി മണ്ഡപത്തിൽ ഇരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ വരൻ ലാപ്ടോപ്പിൽ ജോലിചെയ്യുന്നതും വീഡിയോയിൽ കാണാം.

ജയ്-രാജ് വിജയസിങ് ദേശ്മുഖിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് വീഡിയോ ആദ്യമായി പങ്കിട്ടത്. ക്ലിപ്പിന് 1 ദശലക്ഷത്തിലധികം കാഴ്‌ചകളുണ്ട്. കല്യാണ മണ്ഡപത്തിൽ ഇരുന്നുള്ള വരന്റെ പ്രവൃത്തി കണ്ട് ചിരിക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം.