ജയിച്ചാല്‍ കൂറുമാറില്ല, സ്ഥാനാര്‍ത്ഥികളെ അമ്പലത്തിലും പള്ളികളിലും എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്

കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പേ സന്നദ്ധമായി ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. ഇതുവരെ പ്രഖ്യാപിച്ച് 36 സ്ഥാനാര്‍ഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ശനിയാഴ്ച കോണ്‍ഗ്രസിന്റെ 36 സ്ഥാനാര്‍ത്ഥികള്‍ പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു.

‘ഞങ്ങള്‍ 36 പേരും മഹാലക്ഷ്മി ദേവിയുടെ കാല്‍ക്കല്‍… ഞങ്ങള്‍ക്ക് ടിക്കറ്റ് തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഏത് സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.’ എന്നായിരുന്നു സ്ഥാനാര്‍ത്ഥികളുടെ സത്യവാചകം.

2017ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കൂറുമാറ്റ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടിയതാണ് വിനയായത്.

കോണ്‍ഗ്രസിന് വോട്ട് ചെയ്താലും അവര്‍ ബിജെപിയിലേക്ക് പോകുമെന്ന് സംസ്ഥാനത്ത് വ്യാപക പ്രചാരണം നടന്നതോടെയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കേണ്ടി വന്നത്. ഫെബ്രുവരി 14നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്.