പെൺകുട്ടികളെ വിവസ്ത്രരാക്കി സ്കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പലും സഹായിയും അറസ്റ്റിൽ, പോക്സോ വകുപ്പ് ചുമത്തി

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രിൻസിപ്പലിനെയും അറ്റൻഡന്റെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി ഉണ്ടായത്.

സംഭവത്തിൽ നാല് അധ്യാപകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അടങ്ങുന്ന സംഘം ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ മുഴുവൻ ഇവർ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

സ്കൂളിലെ ജീവനക്കാർ ചൊവ്വാഴ്ച ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി. അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു. തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.

കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി. ബാക്കിയുള്ള പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൽ പൊലീസ് കേസ് എടുത്തത്.

Read more