തെക്കൻ തമിഴ്നാട്ടിൽ പ്രളയം; 20 ട്രെയിനുകൾ റദ്ദാക്കി, അവധി പ്രഖ്യാപിച്ചു; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

അതിതീവ്ര മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിൽ പ്രളയം. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങി. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചു. തിരുനെൽവേലി- ചെങ്കോട്ട റൂട്ടിലെ എല്ലാ ട്രെയിനുകളും റദ്ദാക്കി. തിരുനെൽവേലി റെയിൽവേ സ്റ്റേഷനിലും വെള്ളം കയറി.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകരം മന്ത്രിമാർ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

അതേസമയം കോമറിൻ മേഖലക്ക് മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.