ഡൽഹിയിൽ ട്രാക്ടർ റാലിക്കായി കർഷക പ്രവാഹം;  സിംഘുവിൽ പൊലീസ്​ ബാരിക്കേഡുകളും ട്രക്കുകളും നീക്കി കർഷകർ മുന്നോട്ട്​

രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹിയിൽ ട്രാക്​ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽ നിന്നാണ്​ റാലി ആരംഭിക്കുക. സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന്​ കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിക്കാൻ ഒരുങ്ങുകയാണ്​. കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി പഞ്ചാബിന്‍റെ നേതൃത്വത്തിലാണ്​ നീക്കം. പൊലീസ്​ ബാരിക്കേഡുകൾ ട്രാക്​ടറുകൾ കൊണ്ട്​ ഇടിച്ചു നീക്കുകയും പൊലീസ്​ നിർത്തിയിട്ട ട്രക്കുകൾ നീക്കുകയും ചെയ്​തു. ട്രാക്​ടറുകളുമായി കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ സമരക്കാഴ്ചയ്ക്കാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ രോഷം ട്രാക്ടർ റാലിയിലൂടെ ഡൽഹിയിൽ മുഴങ്ങും. 5000 ട്രാക്ടറുകൾക്ക് ആണ് അനുമതി എങ്കിലും ഇതിൽ കൂടുതൽ റാലിയിൽ അണിനിരക്കും. സിംഘു , തിക്രി, ഗാസിപുർ, ചില്ല എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തും.

കർഷക നേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായിരിക്കും ട്രാക്ടറുകൾ അണിനിരക്കുക. ഒരു ട്രാക്ടറിൽ അഞ്ച് പേർ മാത്രം. നേതാക്കളുടെ കാറുകൾ കടന്ന് ട്രാക്ടറുകൾ മുന്നോട്ടു നീങ്ങാൻ പാടില്ല. ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രം ഉപയോഗിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന വിധം യതൊരു മുദ്രാവാക്യവും പാടില്ലെന്നും നിർദേശിക്കുന്നു. വൈകീട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നാണ് പോലീസ് നിർദേശം.

രാജ്യതലസ്​ഥാനത്ത്​ നൂറ് കിലോമീറ്ററിലായിരിക്കും പ​രേഡ്​ നടത്തുക. രാജ്യത്തെ ഔദ്യോഗിക റിപബ്ലിക്​ പരേഡ്​ അവസാനിച്ചതിന്​ ശേഷമാകും സംയുക്ത കിസാൻ മോർച്ചയുടെ പരേഡ്​​ ആരംഭിക്കുക. കർഷക പരേഡിനെ തുടർന്ന്​ ഡൽഹിയിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി. കർശന പരിശോധനക്ക്​ ശേഷമാണ്​ വാഹനങ്ങൾ കടത്തി വിടുന്നത്​.