കാർഷിക ബില്ലിന് എതിരെ ആളിക്കത്തി കർഷക പ്രക്ഷോഭം; ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു, വീഡിയോ

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30-ഓടെയായിരുന്നു സംഭവം. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്‌തു നിയമ ഭേദഗതി ബിൽ എന്നിവയില്‍ രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമാക്കിയത്. ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ട്രെയിൻ തടയൽ അടക്കമുള്ള സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

പഞ്ചാബില്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ സമരം ഏറ്റെടുത്തിരിക്കുകയാണ്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് പറഞ്ഞത്. വേണ്ടി വന്നാല്‍ സംസ്ഥാന നിയമങ്ങൾ വരെ ഭേദഗതി ചെയ്ത് കർഷകരെ സംരക്ഷിക്കുമെന്നുമാണ് അമരിന്ദര്‍ സിംഗ് പറഞ്ഞത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.  പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന്. മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിടുകയുണ്ടായി.

അതേസമയം കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.