കാർഷിക ബില്ലിന് എതിരെ ആളിക്കത്തി കർഷക പ്രക്ഷോഭം; കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലേക്ക്

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്.  പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവെച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുകയാണ്. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും വൻ കർഷക പ്രക്ഷോഭമാണ് തുടരുന്നത്. 150-ലധികം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. സെപ്തംബര്‍ 28-ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2-ന് കര്‍ഷക രക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.

കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.

കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നില കൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയിരുന്നു. കര്‍ഷക സംഘടനകള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.