കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു; പ്രധാനമന്ത്രി

കുടുംബ രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി കുടുബ രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞതില്‍ ഓരോ ബിജെപി അംഗവും അഭിമാനിക്കണം. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഓണ്‍ലൈനായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുടുംബവാഴ്ചക്കാര്‍ ഭരണഘടനയെ വിലമതിക്കുന്നില്ല. ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ രാജ്യത്തെ യുവജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നില്ലെന്ന് മോദി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പോരാടിയത് കുടുംബ രാഷ്ട്രീയത്തിനെതിരെയാണ്. ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നാല് സംസ്ഥാനങ്ങളില്‍ തിരിച്ചെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പാര്‍ട്ടി രാജ്യസഭയില്‍ 100ല്‍ എത്തിയതന്ന് മോദി പറഞ്ഞു.

ബിജെപിയുടെ ഓരോ പ്രവര്‍ത്തകരും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധികളാണ്. ബിജെപി ദേശസ്നേത്തില്‍ അര്‍പ്പിതരാണ്. എന്നാല്‍ എതിരാളികള്‍ക്ക് സ്വജനപക്ഷപാതം മാത്രമേ അറിയൂ.

ജനങ്ങള്‍ നിരാശയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏത് പാര്‍ട്ടിയുടെ സര്‍ക്കാരായാലും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യില്ലെന്ന് ജനങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഓരോ പൗരനും അഭിമാനത്തോടെ പറയുന്നത് രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നാണ്.

റഷ്യ ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഇന്ത്യ അതിന്റെ നയത്തില്‍ ഉറച്ചുനില്‍ക്കുകയും ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തു. ഭയവും സമ്മര്‍ദ്ദവുമില്ലാതെ താല്‍പ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.