ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ 40,000 കോടി രൂപ കേന്ദ്രത്തിന് നൽകാനുള്ള നാടകമായിരുന്നു: 'വെളിപ്പെടുത്തലുമായി' ബി.ജെ.പി നേതാവ്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പെട്ടെന്നുള്ള സത്യപ്രതിഞ്ജയും സ്ഥാനം ഏറ്റെടുക്കലും കേന്ദ്ര ഫണ്ടുകളിൽ നിന്ന് 40,000 കോടി രൂപ സംരക്ഷിച്ച് സുരക്ഷിതമായി തിരികെ നൽകാനുള്ള ആസൂത്രിത നാടകത്തിന്റെ ഭാഗമായിരുനെന്ന് ബിജെപി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെ യുടെ വെളിപ്പെടുത്തൽ. അനന്ത് കുമാർ ഹെഗ്‌ഡെയുടെ ഞെട്ടിപ്പിക്കുന്ന അവകാശവാദം ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഫഡ്‌നാവിസ് 15 മണിക്കൂർ സമയമെടുത്തതായി കർണാടകയിൽ നിന്നുള്ള എം.പി ശനിയാഴ്ച പറഞ്ഞു.

“മഹാരാഷ്ട്രയിൽ വെറും 80 മണിക്കൂർ ഞങ്ങളുടെ ആൾ മുഖ്യമന്ത്രിയായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, എന്നാൽ താമസിയാതെ ഫഡ്‌നാവിസ് രാജിവച്ചു. എന്തുകൊണ്ടാണ് ഞങ്ങൾ ഈ നാടകം ചെയ്തത്? ഞങ്ങൾക്ക് അറിയില്ലേ? ഞങ്ങൾക്ക് ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹം എന്തിനാണ് മുഖ്യമന്ത്രിയായത്? എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്, ” വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി ഉത്തര കന്നഡ നിയോജകമണ്ഡലത്തിലെ യല്ലാപൂരിൽ പ്രചാരണത്തിനിടെ ശനിയാഴ്ച ഹെഗ്‌ഡെ പറഞ്ഞു.

40,000 കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൻ‌സി‌പിയും കോൺഗ്രസും ശിവസേനയും അധികാരത്തിൽ വന്നാൽ തീർച്ചയായും 40,000 കോടി രൂപ വികസനത്തിനായി പോകില്ലെന്നും ദുരുപയോഗം ചെയ്യപ്പെടുമായിരുന്നുവെന്നും എം.പി പറഞ്ഞു.

“ഇതെല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നു. എന്ത് സംഭവിച്ചാലും ഒരു വലിയ നാടകം ആവശ്യമാണെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ഒരു നീക്കുപോക്ക്‌ ഉണ്ടായി അദ്ദേഹം മുഖ്യമന്ത്രിയായത്. ആ 15 മണിക്കൂറിനുള്ളിൽ, പണം എവിടെ പോകണമെന്ന് ഫഡ്‌നാവിസ് ഉറപ്പുവരുത്തി … അത് സുരക്ഷിതമായി സൂക്ഷിച്ചു. എല്ലാം കേന്ദ്രത്തിലേക്ക് മടക്കി. അത് ഇവിടെ സൂക്ഷിച്ചിരുന്നെങ്കിൽ – അടുത്ത മുഖ്യമന്ത്രി – എന്ത് സംഭവിക്കുമായിരുന്നുവെന്ന് നിങ്ങൾക്കറിയാം, ”ഹെഗ്‌ഡെ അവകാശപ്പെട്ടു.

അതേസമയം, “അങ്ങനെയൊന്നും സംഭവിച്ചില്ല. ഇവ തീർത്തും തെറ്റായ അവകാശവാദങ്ങളാണ്. ഞാൻ പദവിയിൽ ഇരുന്നപ്പോൾ ഔദ്യോഗിക തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഇങ്ങനെ അല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്. സർക്കാരിന്റെ ധനകാര്യ വകുപ്പിന് ഇത്തരം അവകാശവാദങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിയും, ” എന്ന് ഫഡ്നാവിസ് തന്റെ പാർട്ടി എം.പിയുടെ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞു.

ഫഡ്‌നാവിസിന്റെ 80 മണിക്കൂർ നീണ്ട മുഖ്യമന്ത്രി സ്ഥാനം ന്യായീകരിക്കുന്നതിനായി അനുഭാവികൾ തന്നെ വൈറലാക്കിയ വാട്ട്‌സ്ആപ്പ് ഫോർ‌വേഡ് അടിസ്ഥാനമാക്കിയുള്ളതാണ് ഹെഗ്‌ഡെയുടെ അഭിപ്രായങ്ങൾ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ സന്ദേശം പിന്നീട് ട്വിറ്ററിലും പോസ്റ്റു ചെയ്യപ്പെട്ടിരുന്നു.

നവംബർ 23 ന് രാവിലെ 7.50 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) നേതാവ് അജിത് പവറും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയെ ഭൂരിപക്ഷത്തിലെത്താൻ ആവശ്യമായ എം‌എൽ‌എമാരെ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. തന്റെ വാഗ്ദാനം പാലിക്കുന്നതിൽ അജിത് പവാർ പരാജയപ്പെട്ടു. ഒരു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഫഡ്നാവിസ് ചൊവ്വാഴ്ച രാജിവച്ചു.

രണ്ട് ദിവസത്തിന് ശേഷം ശിവസേനയുടെ ഉദ്ധവ് താക്കറെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്ന് ശിവസേന പിരിഞ്ഞതിനുശേഷം രൂപീകരിച്ച ശിവസേന-നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-കോൺഗ്രസ് സഖ്യത്തിനാണ് താക്കറെ നേതൃത്വം നൽകുന്നത്.

80 മണിക്കൂർ മുഖ്യമന്ത്രി 40,000 കോടി രൂപ മഹാരാഷ്ട്രയിൽ നിന്ന് കേന്ദ്രത്തിലേക്ക് മാറ്റിയാൽ അത് വഞ്ചനയാണെന്ന് ശിവസേനയുടെ രാജ്യസഭാ അംഗം സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.