അങ്ങേയറ്റം ലജ്ജാകരം; വിദ്യാര്‍ത്ഥിനിയോട് കോണ്ടം പരാമര്‍ശം , ഐ.എ.എസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷന്‍

ചെലവ് ചുരുക്കി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ച വിദ്യാര്‍ത്ഥിനിയോട് പരസ്യമായി അപമര്യാദയായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടി ദേശീയ വനിതാകമ്മീഷന്‍. ഏഴുദിവസത്തിനകം സംഭവത്തിനെ കുറിച്ച് വിശദീകരണം നല്‍കാനാണ് ബിഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ (ഡബ്ല്യുഡിസി) മാനേജിംഗ് ഡയറക്ടര്‍ ഹര്‍ജോത് കൗര്‍ ബംഹ്‌റയോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ബിഹാറില്‍ 9-10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചര്‍ച്ചയ്്ക്കിടയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

‘ ഉത്തരവാദപ്പെട്ട പദവിയിലുള്ള ഒരു വ്യക്തിയില്‍ നിന്നുള്ള ഇത്തരം നിര്‍വികാര മനോഭാവം അപലപനീയവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എന്‍സിഡബ്ല്യു വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി. അനുചിതവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമര്‍ശങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ ഹര്‍ജോത് കൗര്‍ ഭാംറയ്ക്ക് കത്തയച്ചത്.

20-30 രൂപക്ക് സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യാനാവുമോ എന്നായിരുന്നു പരിപാടിക്കിടെ വിദ്യാര്‍ത്ഥിനി ചോദ്യം ”നാളെ നിങ്ങള്‍ സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നല്‍കണമെന്ന് വഴിയെ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നല്‍കണമെന്ന് നിങ്ങള്‍ പറയും”-ഇതായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം.