പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഉദ്ധവും ശിവസേനയും; വിമതർക്ക് കർശന നടപടി, ഷിൻഡെയെ സസ്‌പെൻഡ് ചെയ്‌തേക്കും

വിമതർക്കെതിരെ കർശന നടപടികളുമായി മഹാ വികാസ് അഗാഡി സഖ്യം. ഏക്‌നാഥ് ഷിൻഡെയെ അടക്കമുള്ള വിമത നേതാക്കളെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ശിവസേനയുടെ തീരുമാനം. വിമത ക്യാമ്പിലുള്ള നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സഞ്ജയ് റായ്മുൽക്കർ, ചിമാൻ പാട്ടീൽ, രമേശ് ബോർനാരെ, ബാലാജി കല്യാൺകർ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മറ്റു 16 എംഎൽഎമാരോട് തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദ്ധവ് താക്കറെ അനുനയശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഏക്‌നാഥ് ഷിൻഡെ വഴങ്ങാൻ തയ്യാറായിരുന്നില്ല. എൻസിപി അധ്യക്ഷൻ ശരദ് പവാറും, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ഉദ്ധവിനോട് സംസാരിച്ചിരുന്നു. അവസാനം വരെ കൂടെനിൽക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയതോടെയാണ് ഉദ്ധവ് താക്കറെ വിമതർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്.

അതേസമയം വിമതനേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹതിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വിമതപക്ഷത്തിന്റെ ഭാവി തീരുമാനങ്ങൾ അതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം.