അഫ്ഗാൻ പൗരനായ വാലി സാലെക് തിങ്കളാഴ്ച കാബൂളിൽ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടുമ്പോഴാണ് വീട്ടിലെ മേൽക്കൂരയിൽ നിന്ന് വലിയ ശബ്ദം കേൾക്കുന്നത്. “ട്രക്കിന്റെ ടയർ പൊട്ടിത്തെറിക്കുന്നതു പോലെയായിരുന്നു ശബ്ദം എന്നാണ്,” 49 കാരനായ സുരക്ഷാ ജീവനക്കാരൻ വാലി സാലെക് ഓർത്തെടുക്കുന്നത്. അയാൾ ഉടനെ മൂന്നാം നിലയിൽ ഉള്ള ടെറസിലേക്ക് കയറി ചെന്നു. മേൽക്കൂരയിലെ കാഴ്ച കണ്ട് വാലി സാലെക് ഭയന്നു, രണ്ട് മൃതദേഹങ്ങൾ. ദാരുണമായ ആ കാഴ്ച കണ്ട വാലി സാലെക്കിന്റെ ഭാര്യ ബോധംകെട്ടു വീണു എന്നും സ്ക്രോൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ വിമാനത്തിന്റെ ചിറകിൽ കയറിയ രണ്ടുപേർ പറന്നുയർന്ന വിമാനത്തിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. വാലി സാലെക്കിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് വിമാനത്തിൽ നിന്നു വീണവരുടെ മൃതദേഹമാണ് എന്ന് അദ്ദേഹത്തിന്റെ അയൽക്കാരനാണ് പറയുന്നത്. രണ്ട് ആളുകൾ വിമാനത്തിൽ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ അയൽക്കാരൻ ടി.വിയിൽ കണ്ടിരുന്നു.
രാജ്യത്തു നിന്നും പുറത്തു കടക്കാൻ കാബൂൾ എയർപോർട്ടിൽ എത്തിപ്പെട്ട നൂറു കണക്കിനാളുകളിൽ രണ്ടുപേർ യു.എസ് വ്യോമസേനയുടെ വിമാനത്തിനകത്ത് കയറാൻ സാധിക്കാതെ പറന്നുയർന്ന വിമാനത്തിന്റെ ചക്രങ്ങളിൽ പറ്റിപ്പിടിച്ചു കയറുകയായിരുന്നു. നിമിഷങ്ങൾക്ക് ശേഷം, ഇരുവരുടെയും മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സാലെക്കിന്റെ വീട്ടിലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെറസിന്റെ ഭാഗങ്ങൾ തകർന്നു.
മൃതശരീരങ്ങളുടെ വയറും തലയും പിളർന്നിരുന്നു എന്ന് വാലി സാലെക് പറഞ്ഞു. വാലി സാലെക് ഒരു ഷാളും സ്കാർഫും എടുത്ത് മൃതദേഹങ്ങൾ മൂടി. തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ താമസിക്കുന്ന വാലി സാലെക്കിന്റെ ഒരു ബന്ധുവിനുള്ള വീഡിയോ കോളിലൂടെ അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
Read more
മരിച്ച ഒരു വ്യക്തിയുടെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയ ജനന സർട്ടിഫിക്കറ്റിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹം ഡോക്ടർ സഫീഉല്ല ഹോതക് ആണെന്നാണ്. രണ്ടാമത്തെ വ്യക്തി ഫിദ മുഹമ്മദായിരുന്നു. രണ്ടുപേരും 30 ൽ താഴെ പ്രായമുള്ളവരായിരുന്നു.