സ്ത്രീകളെ രാത്രി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്; ഉത്തരവിറക്കി യു പി സര്‍ക്കാര്‍

രാത്രിയില്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കരുതെന്ന ഉത്തരവുമായി യു പി സര്‍ക്കാര്‍. ജോലി ചെയ്യുന്നിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു സ്ത്രീ തൊഴിലാളിയും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാവിലെ 6ന് മുമ്പും വൈകുന്നേരം7 ന് ശേഷവും ജോലി ചെയ്യാന്‍ ബാധ്യസ്ഥരല്ലെന്നും ഈ സമയങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ടിവന്നാല്‍ അധികാരികള്‍ അവര്‍ക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.

രാവിലെ ആറിന് മുമ്പും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീ തൊഴിലാളി ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇളവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

തൊഴില്‍സ്ഥലങ്ങളില്‍ ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടഞ്ഞ് സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യേണ്ട ചുമതല തൊഴിലുടമയ്ക്കായിരിക്കും. മാത്രമല്ല, 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമത്തിലോ മറ്റേതെങ്കിലും അനുബന്ധ നിയമങ്ങളിലോ ഉള്ള വ്യവസ്ഥകള്‍ക്കൊപ്പം ഫാക്ടറിയില്‍ ശക്തമായ ഒരു പരാതി സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.