ജഹാംഗീര്‍പൂരിയിലെ ഇടിച്ചുനിരത്തല്‍: ബൃന്ദ കാരാട്ടെത്തി ബുള്‍ഡോസറുകള്‍ തടഞ്ഞു

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ സുപ്രീം കോടതി സ്റ്റേ മറികടന്ന് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലിന്റെ നടപടികള്‍ നേരിട്ടെത്തി തടഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഉത്തരവ് നടപ്പാക്കാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. പൊളിക്കല്‍ തുടര്‍ന്നതോടെ ബൃന്ദ കാരാട്ട് ബുള്‍ഡോസറുകള്‍ തടഞ്ഞു. നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും ബുള്‍ഡോസ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവര്‍ വിമര്‍ശിച്ചു.

ജഹാംഗീര്‍പുരി പള്ളിയുടെ ഭാഗം അടക്കമുള്ള മുസ്ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. 10.45 ഓടെ പൊളിക്കല്‍ സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന ശേഷവും ഒരു മണിക്കൂറോളം പൊളിച്ചുനീക്കലുമായി മുന്നോട്ടുപോയതോടെയാണ് ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്.

കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പല്‍ അധികൃതരോടും നടപടികള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ കെട്ടിടം പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവിന്റെ പകര്‍പ്പുമായാണ് ബൃന്ദ കാരാട്ട് എത്തിയത്. കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഉത്തരവ് ബ്ന്ധപ്പെട്ടവരെ അറിയിക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി.

ജഹാംഗീര്‍പുരിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്റെ നീക്കം സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പ്രദേശത്ത് നിലവിലെ സ്ഥിതി തുടരാന്‍ ജസ്റ്റിസ് എന്‍ വി രമണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഇന്നും നാളെയുമായി ഒഴിപ്പിക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ കോര്‍പ്പറേഷന്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ പത്ത് ബുള്‍ഡോസറുകളും സ്ഥലത്തെത്തിച്ചിരുന്നു.