ട്രാക്ടർ റാലിയിൽ സിംഘുവിലും ഗാസിപൂരിലും സംഘർഷം; ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു, ഡൽഹിയിലേക്ക് പ്രതിഷേധക്കാരുടെ പ്രവാഹം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് ട്രാക്ടര്‍ റാലിയിൽ സംഘർഷം. കർഷക മാർച്ച് സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നേരത്തെ സിംഘു അതി‍ർത്തിയിൽ പൊലീസ് വെച്ച ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കിയാണ് കർഷകർ ഡൽഹിയിൽ പ്രവേശിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേ പ്രതിഷേധം തുടങ്ങാൻ കർഷകർ തീരുമാനിച്ചു. എന്നാൽ സമാധാനപരമായി മാത്രമാണ് മാർച്ച് മുന്നോട്ടു പോകുന്നതെന്ന് കർഷക സംഘടനകൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വെച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ വ്യക്തമാക്കി.

ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

സിംഗു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.