വോട്ട് ചെയ്യല്‍ കര്‍ശനമാക്കല്‍ ബില്ലില്‍ ചര്‍ച്ച; വോട്ട് ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്രം

ജനങ്ങളെ വോട്ട് ചെയ്യുന്നതിനായി നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വോട്ട് ചെയ്യുന്നത് ജനങ്ങളുടെ കടമയാണെന്നും അതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേല്‍ പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. വോട്ട് ചെയ്യല്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ല്‍ ജനാര്‍ദ്ദന്‍ സിംഗ് അവതരിപ്പിച്ച ബില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പരാമര്‍ശം.

വോട്ടവകാശം വിനിയോഗിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനമായതുകൊണ്ട് തന്നെ വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാജ്യത്ത് ഗുജറാത്ത് സര്‍ക്കാര്‍ വോട്ടെടുപ്പ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍, ഈ ബില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇതിനുപുറമെ, ഫിലിപ്പീന്‍സ്, സ്പെയിന്‍, സിംഗപ്പൂര്‍, തായ്ലന്‍ഡ്, തുര്‍ക്കി, ഉറുഗ്വേ, വെനസ്വേല, ബള്‍ഗേറിയ, ചിലി തുടങ്ങിയ ചില സ്ഥലങ്ങളില്‍ നിര്‍ബന്ധിത വോട്ടിംഗ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമാകുന്നുണ്ടെന്നും ഇതിനോട് താന്‍ വിയോജിക്കുന്നുവെന്നും ബാഗേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

2004ല്‍ ബി എസ് റാവത്തും 2009ല്‍ ജെ പി അഗര്‍വാളും വോട്ട് ചെയ്യുന്നത് കര്‍ശനമാക്കണമെന്ന ബില്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കുന്ന ബില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബാഗേല്‍ വ്യക്തമാക്കി.