ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ആക്രമണം പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന്

ഉത്തര്‍പ്രദേശില്‍ പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ കമലേഷിനെയാണ് ജനക്കൂട്ടം പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച രാത്രിയായിരുന്നു ഒരു കൂട്ടം ആളുകള്‍ കമനലേഷിനെ ആക്രമിച്ചത്. പബ്ലിക് ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികള്‍ കമലേഷിനെ വടികൊണ്ട് മര്‍ദ്ദിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് കമലേഷിന്റെ പിതാവ് ജഗദീഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രധാന പ്രതി സൂരജ് റാത്തോഡിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമലേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.