അമേരിക്കന്‍ പ്രസിഡന്റിനെ പാര്‍ട്ടി നിരീക്ഷിക്കുന്നു; ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള നയത്തില്‍ സിപിഎം ഉടന്‍ നിലപാട് എടുക്കുമെന്ന് എംഎ ബേബി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാര്‍ട്ടി നിരീക്ഷിക്കുമെന്നും ഉടന്‍ തന്നെ നയത്തില്‍ നിലപാട് എടുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ട്രംപ് പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസഡന്റാണെന്നാണ് അദേഹം കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് എങ്ങനെയെന്ന് അനാവൃതമാകും. എന്നിട്ടായിരിക്കും ട്രംപിനോടുള്ള പാര്‍ട്ടി നയത്തില്‍ തീരുമാനമെടുക്കുകയെന്ന് അദേഹം പറഞ്ഞു.

കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണത്തിന് എതിരായി പോലും വര്‍ഗീയമായ ആക്രമണം നടത്തി.

സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും അദേഹം പറഞ്ഞു. വ്യത്യസ്ത സാമൂഹികവിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തികസാമൂഹികാവസ്ഥയാണ് ജാതി സെന്‍സസില്‍ പഠനവിധേയമാക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.

സെന്‍സസ് എപ്പോള്‍ നടത്തുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ്. പാര്‍ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള പരിപാടി പിബി തയ്യാറാക്കുന്നുണ്ട്.

പിബിയിലും കേന്ദ്ര സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലുമുള്ളവര്‍ വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് ജൂണ്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമരൂപം നല്‍കും. കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പിബി ചര്‍ച്ച ചെയ്തുവെന്ന് എംഎ ബേബി പറഞ്ഞു.

Read more