ലോക്സഭാ തിരഞ്ഞെടുപ്പ്; ത്രിപുരയിൽ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യത; തിപ്ര മോത പാർട്ടിയെ ഒപ്പം നിർത്താനും പരിശ്രമം

ലോക്സഭ തിര‍ഞ്ഞടുപ്പിൽ ത്രിപുരയിൽ വീണ്ടും സിപിഎം കോൺഗ്രസ് സഖ്യം വന്നേക്കും. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പ്രതികരിച്ചിരുന്നു. അതേ സമയം പ്രദ്യുത് ദേബ് ബർമ്മന്‍റെ തിപ്ര മോത പാർട്ടിയേയും ഒപ്പം നിര്‍ത്താനും സിപിഎം പരിശ്രമിക്കുന്നുണ്ട്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ത്രിപുരയിലെ ആകെയുള്ള രണ്ട് സീറ്റിലും സിപിഎം തന്നെയാണ് വിജയിച്ചത്. എന്നാല്‍ 2018 നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചു. തുടർന്ന് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട സീറ്റും സിപിഎമ്മിന് നഷ്ടമായി. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ത്രിപുരയില്‍ തിരിച്ച് വരവ് നടത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ.

നേരത്തെ 2023 നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ധാരണക്കപ്പുറം സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മത്സരിച്ചത്.ഏതായാലും നിലവിലെ സൂചനകളനുസരിച്ച് ത്രിപുരയില്‍ സഖ്യം മുന്നില്‍കണ്ടാണ് പാര്‍ട്ടി നീക്കം നടക്കുന്നത്. എന്നാൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാകുമോയെന്നതില്‍ ഇനിയും തീർച്ചയായിട്ടില്ല.