രാജ്യത്ത് നിലവില്‍ കോവിഡ് നാലാം തരംഗമില്ല: ഐ.സി.എം.ആര്‍

രാജ്യത്ത് നിലവില്‍ കോവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍. പ്രാദേശികമായി മാത്രമേ കോവിഡ് കേസുകള്‍ ഉയരുന്നുള്ളു. രാജ്യവ്യാപകമായി കേസുകള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സമീരന്‍ പണ്ഡേ വ്യക്തമാക്കി.

രാജ്യത്തെ ചില പ്രദേശങ്ങളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പരിശോധന നിരക്ക് കുറഞ്ഞതിനാലാണ്. ഡല്‍ഹിയില്‍ രോഗലക്ഷണങ്ങളുള്ള ആളുകള്‍ക്കിടയില്‍ പരിശോധന വര്‍ധിച്ചപ്പോള്‍ തന്നെ ടെസ്റ്റ് പോസിറ്റീവിറ്റി 7 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞെന്ന് സമീരന്‍ പണ്ഡേ പറഞ്ഞു.

ചില ജില്ലകളില്‍ മാത്രമാണ് കേസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് കാണിക്കുന്നത്. ഇത് ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കോവിഡ് തരംഗത്തിന്റെ തുടക്കമല്ല. കോവിഡ് കേസുകളിലെ വര്‍ദ്ധന ചില പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. രാജ്യത്ത് ഉടനീളമോ സംസ്ഥാനത്ത് മുഴുവനോ വ്യാപിച്ചിട്ടില്ല. അതിലാന്‍ നാലാം തരംഗമെന്ന് പറയാനാകില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നരുടെ എണ്ണത്തില്‍ വര്‍ദ്ധനയില്ല. പുതിയ വേരിയന്റുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.