മദ്യനയത്തിലെ അഴിമതി; ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. മദ്യ നയത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ഡല്‍ഹിയിലെ 16 ഇടങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മനീഷ് സിസോദിയയുടെ വീട്ടിലും പരിശോധന നടത്തുന്നത്.

മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്‌ക്കെതിരെ കേസെടുത്തത്. ഡല്‍ഹി എക്‌സൈസ് കമ്മീഷണറുടെ വീട്ടിലും പരിശോധന നടക്കുകയാണ്. സിബിഐക്ക് വസതിയിലേക്ക് സ്വാഗതമെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ജനങ്ങളെ സേവിക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകള്‍ അപമാനിക്കപ്പെടുകയാണെന്നും സിസോദിയ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെ പൂട്ടാന്‍ ശ്രമിക്കുകയാണെന്നാണ് എഎപിയുടെ വിമര്‍ശനം.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയിരുന്നു. മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.