നേമം കോച്ച് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചു; കേരളത്തിന്റെ മുഖം മാറ്റുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ ചുവപ്പ് കൊടി

കേരളത്തിലെ നേമം കോച്ചിങ്ങ് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഡിപിആര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോ എന്ന് ദക്ഷിണ റെയില്‍വേ വിശദമായ പഠനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം എംപി എളമരം കരീമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം

ഈ റിപ്പോര്‍ട്ട് വന്നശേഷം മാത്രമാകും പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം. നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പദ്ധതി പൂര്‍ത്തിയാക്കും എന്ന് ഉറപ്പു കിട്ടിയതായി അറിയിച്ചിരുന്നു. ഈ ഉറപ്പാണ് ഇപ്പോള്‍ കേന്ദ്രം തള്ളിയത്. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു.