ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് സർക്കാരിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷായാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇന്ദോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകൾ.
‘പഹൽഗാമിലെ ആക്രമണത്തിൽ തീവ്രവാദികൾ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. പക്ഷേ തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകി. ‘ഓപ്പറേഷൻ സിന്ദൂറി’നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്തിരുന്നു. ഇപ്പോൾ ബിജെപി മന്ത്രിമാർ നമ്മുടെ ധീരയായ ഉദ്യോഗസ്ഥയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. മോദി ജി ഉടൻ മന്ത്രിയെ പുറത്താക്കണം’- ഖർഗെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
Read more
ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള വാർത്താ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കേണൽ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം വിവാദത്തോട് പ്രതികരിച്ച കുൻവർ വിജയ് ഷാ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ന്യായീകരിച്ചു.