കങ്കണയെ മണ്ഡിയില്‍ പൂട്ടാന്‍ കരുത്തനെയിറക്കി കോണ്‍ഗ്രസ്; ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് മന്ത്രി വീരഭദ്ര സിങ്ങ് സ്ഥാനാര്‍ത്ഥിയാകും; പേരാട്ടം കടുക്കും

ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നടി കങ്കണ റണൗട്ടിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.സി.സി അധ്യക്ഷയും മണ്ഡി സിറ്റിംഗ് എംപിയുമായ പ്രതിഭ സിങ് വ്യക്തമാക്കി.

മൂന്ന് തവണ മണ്ഡി എം.പിയായ പ്രതിഭ സിങ്ങിന്റെയും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വിക്രമാദിത്യ സിങ് മാണ്ഡിയില്‍ മത്സരിക്കുമെന്ന് പ്രതിഭ സിങ് പ്രഖ്യാപിച്ചത്.

അതേസമയം, ഹിമാചലില്‍ പ്രളയമുണ്ടായപ്പോള്‍ ഒരു ദിവസമെങ്കിലും കങ്കണ മണാലി സന്ദര്‍ശിച്ചോയെന്നും വിക്യമാദിത്യ സിങ് ചോദിച്ചു.

കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചതിനെത്തുടര്‍ന്ന് വിക്രമാദിത്യ സിങും പ്രതിഭാ സിങും ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.താന്‍ മത്സരത്തിനില്ലെന്ന് സിറ്റിങ് എംപിയായ പ്രതിഭാ സിങ് നേരത്തെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിക്രമാദിത്യ സിങിനെ കങ്കണയെ നേരിടാനായി നിയോഗിക്കുന്നത്. ഇന്നു മുതല്‍ വിക്രമാദിത്യ സിങ് മണ്ഡലത്തില്‍ പര്യടനം ആരംഭിക്കും.