കോളേജ് പ്രൊഫസറെ ബലാത്സംഗം ചെയ്‌തെന്ന പരാതി; വിദ്യാര്‍ത്ഥിയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി കോടതി

കോളേജ് പ്രൊഫസറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ത്ഥിയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുമായി 35കാരിയായ പരാതിക്കാരിക്ക് ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്നതായി കോടതി കണ്ടെത്തി. വിവാഹപ്രായം തികയാത്ത ഒരാളുമായുള്ള ബന്ധത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണ് പരാതിക്കാരിയെന്ന നിരീക്ഷണത്തിലാണ് കോടതി വിദ്യാര്‍ത്ഥിയ്ക്ക് ജാമ്യം അനുവദിച്ചത്.

കോടതിയ്ക്ക് ലഭ്യമായ തെളിവുകള്‍ അനുസരിച്ച് പരാതിക്കാരിക്ക് പ്രതിയോടുള്ള സ്‌നേഹവും കരുതലും വാത്സല്യവും വെളിപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിച്ചതെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തൃപ്തികരമാണെന്ന് കോടതി അറിയിച്ചു.

ഗുഡ്ഗാവിലെ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്തു വരുകയാണ് പരാതിക്കാരി. ഇവര്‍ പ്രതിയുമായി ബന്ധപ്പെടുമ്പോള്‍ ഏകദേശം 20 വയസ്സിന് താഴെ മാത്രമാണ് വിദ്യാര്‍ത്ഥിയുടെ പ്രായം. ശരാശരിയേക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ള ആളാണ് പരാതിക്കാരി. വിവാഹ പ്രായമെത്താത്ത ആണ്‍കുട്ടിയുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പരാതിക്കാരിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായും കോടതി കൂട്ടിച്ചേര്‍ത്തു.

2022 മെയ് മാസത്തില്‍ ഇരുവരും ഒരുമിച്ച് മണാലിയിലേക്ക് യാത്ര നടത്തിയതായും ഇതിനിടയില്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും ഭാവിയില്‍ നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പ്രൊഫസര്‍ ആരോപിച്ചു. ഇരുവരുടെയും ബന്ധത്തിനിടെ പ്രൊഫസര്‍ രണ്ട് തവണ ഗര്‍ഭിണിയായതായും ആരോപിച്ചു.