കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി പിടിയില്‍; ടെയ്‌ലര്‍ രാജ പിടിയിലാകുന്നത് 26 വര്‍ഷങ്ങള്‍ക്കിപ്പുറം

തമിഴ്‌നാട് കോയമ്പത്തൂരില്‍ 1998ല്‍ നടന്ന സ്‌ഫോടന കേസിലെ മുഖ്യപ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ടെയ്‌ലര്‍ രാജ എന്നറിയപ്പെടുന്ന എ രാജയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പിടിയിലായത്. കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

സംഭവം നടന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ മുഖ്യ പ്രതി പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു.

അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ സജീവ കേഡറായിരുന്നു എ രാജ. തയ്യല്‍ക്കട നടത്തുകയായിരുന്ന രാജ സ്‌ഫോടനത്തിനുള്ള ബോംബുകളും മറ്റും വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Read more

വിവിധ സ്റ്റേഷനുകളിലായി കൊലപാതക കേസുകളും ഇയാളുടെ പേരിലുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രരിലൊരാള്‍ ടെയ്ലര്‍ രാജയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.