പൊലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ശംഭു അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച ദില്ലി ചലോ’ മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ പിന്മാറുകയായിരുന്നു.
സംഘര്‍ഷത്തില്‍ 15ല്‍ ഏറെ കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റു. ഇതോടെയാണ് കര്‍ഷകര്‍ സമരത്തില്‍ നിന്ന് താത്കാലികമായി പിന്മാറിയത്. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് 12 മണിക്കാണ് മാര്‍ച്ച് പുനരാരംഭിച്ചത്.
Read more
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് ശംഭു അതിര്‍ത്തിയില്‍ പൊലീസ് ഒരുക്കിയിരുന്നത്. കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി ചലോ മാര്‍ച്ചില്‍ നിന്ന് താത്കാലികമായി പിന്മാറിയെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.