കന്യാസ്ത്രീകളുടെ അറസ്റ്റിൽ മതപരിവർത്തനം ആവർത്തിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; തങ്ങൾ ക്രൈസ്തവ വിശ്വാസികളെന്ന് പെൺകുട്ടികൾ, പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദേവ് സായ് പ്രതികരിച്ചു.

അതിനിടെ, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവ സമയത്തെ പ്രതികരണം നിർണ്ണായകമാവുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ക്രൈസ്തവ വിശ്വസികളാണ് എന്നും പെൺകുട്ടി പറയുന്നുണ്ട്.

Read more

കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം. അതേസമയം പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്‌നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. എംപിമാരുടെ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു.