ചന്ദ്രയാന്‍ 2; ചരിത്രനിമിഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി

ബഹിരാകാശ രംഗത്ത് ഇന്ത്യന്‍ ചരിത്രം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നും 2.30നും ഇടയിലായി ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങും. ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളും ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തും.

ജൂലൈ 22-ന് ഉച്ചയ്ക്ക് 2.43-നാണ് ചന്ദ്രയാന്റെ വിക്ഷേപണം നടന്നത്. ഇതുവരെയും കൃത്യമായ കണക്ക് കൂട്ടലുകള്‍ക്കനുസരിച്ചാണ് ഒരോ ഘട്ടവും ചന്ദ്രയാന്‍ 2 പിന്നിട്ടത്. കേവലം 35 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രനിലിറങ്ങുന്ന ലാന്‍ഡര്‍ ഇപ്പോഴുള്ളത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള 38 ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങള്‍ മാത്രം. ശ്രമിച്ച് പരാജയപ്പെട്ടവരില്‍ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെര്‍ഷീറ്റ് ലാന്‍ഡറാണ്. കഴിഞ്ഞ ഏപ്രില്‍ 11-നാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ബെര്‍ഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. എന്നാല്‍ ഈ പരാജയങ്ങളില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് ഇസ്‌റോ വിക്രമിനെ ഇറക്കാന്‍ തയ്യാറെടുത്തിട്ടുള്ളത്.

ചന്ദ്രനിലിറങ്ങുന്നതിനു മുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം “ലാന്‍ഡറി”ലെ ക്യാമറ പകര്‍ത്തും. ദക്ഷിണ ധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലെ പ്രതലത്തിലാണ് “ലാന്‍ഡര്‍” ഇറങ്ങുന്നത്. ലാന്‍ഡറിന്റെ വേഗം കുറച്ചുകൊണ്ടു വന്നാണ് ലാന്‍ഡറിനെ സോഫ്റ്റ് ലാന്‍ഡിംഗിലൂടെ ചന്ദ്രന്റ ദക്ഷിണ ധ്രുവത്തിലിറക്കുന്നത്. ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഘട്ടമാണിത്.

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലെയും ശാസ്ത്രജ്ഞര്‍ പേടകത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് .സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.