അംബേദ്കറിനും തിരുവള്ളുവര്‍ക്കുമെതിരെ ജാതി അധിക്ഷേപം; മദ്രാസ് ഹൈക്കോടതിയില്‍ മാപ്പ് എഴുതി നല്‍കി മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍

ഭരണഘടനാ ശില്പി അംബേദ്കറിനും തിരുവള്ളുവര്‍ക്കും എതിരെ ജാതി അധിക്ഷേപം നടത്തിയ മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍ മാപ്പ് പറഞ്ഞു. ബിആര്‍ അംബേദ്കര്‍ പട്ടിക ജാതി വിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതില്‍ യാതൊരു പങ്കും ഇല്ലെന്നായിരുന്നു മണിയന്റെ പരാമര്‍ശം. മദ്രാസ് ഹൈക്കോടതിയിലാണ് മണിയന്‍ മാപ്പ് എഴുതി നല്‍കിയത്.

ചെന്നൈ ടി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അംബേദ്കറിനെയും തമിഴ് തത്വചിന്തകന്‍ തിരുവള്ളുവരെയും കുറിച്ച് മണിയന്‍ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ പട്ടിക ജാതിക്കാരന്‍ ആണെന്നും ഭരണഘടനാ ശില്പി എന്ന് വിളിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നുമായിരുന്നു വിഎച്ച്പി  തമിഴ്‌നാട് മുന്‍ വൈസ് പ്രസിഡന്റ് ആര്‍ബിവിഎസ് മണിയന്റെ ആരോപണം.

ഇതേ തുടന്ന് വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സെല്‍വം മണിയനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മണിയനെ ചെന്നൈ ത്യാഗരായ നഗറിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യാന്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.