സര്‍ക്കാരിനെ പിരിച്ചു വിട്ടാലും കുഴപ്പമില്ല, കര്‍ഷകരെ ദുരിതത്തിലേയ്ക്ക് തള്ളിയിടാന്‍ അനുവദിക്കില്ല; കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാർ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. തന്റെ സര്‍ക്കാരിനെ പിരിച്ചു വിട്ടാലും പ്രശ്‌നമില്ലെന്നും കര്‍ഷകരെ ദുരിതത്തിലേയ്ക്ക് തള്ളിയിടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. നിയമസഭയിലാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) സ്‌പെഷല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമെന്‍ഡ്‌മെന്‍ഡ് ബില്‍, ദ എസന്‍ഷ്യല്‍ കൊമൊഡിറ്റീസ് (സ്‌പെഷല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമെന്‍ഡ്‌മെന്റ്) ബില്‍, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് (സെപ്ഷല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമെന്‍ഡ്‌മെന്റ്) ബില്‍ എന്നിവയാണ് പഞ്ചാബ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് മോദി സര്‍ക്കാരും എന്‍ഡിഎയും വിട്ട ശിരോമണി അകാലി ദള്‍ കേന്ദ്ര നിയമങ്ങളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയതിന് പിന്നാലെ സെപ്റ്റംബര്‍ 29-നാണ് കാര്‍ഷിക നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. എപിഎംസികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി) പുറമെ എവിടെ വേണമെങ്കിലും കാര്‍ഷികോത്പന്നങ്ങള്‍ വ്യാപാരം ചെയ്യാനും കരാര്‍ കൃഷിക്ക് വ്യവസ്ഥ ചെയ്യുന്നതുമായ നിയമങ്ങള്‍ക്കെതിരെയാണ് വലിയ കര്‍ഷക പ്രക്ഷോഭവും ഉയര്‍ന്നു വന്നത്. കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാര്‍ഷിക  നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രക്ഷോഭമുയര്‍ന്ന സംസ്ഥാനമാണ് പഞ്ചാബ്.