ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകളിൽ ഇ- മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തിൽ സംശായസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ദ്വാരകയിലെ സെന്റ് തോമസ് സ്കൂൾ, വസന്ത് വിഹാറിലെ വസന്ത് വാലി സ്കൂൾ എന്നിവയ്ക്കൊപ്പം മറ്റ് മൂന്ന് സ്കൂളുകളിലേക്കുമാണ് ബുധനാഴ്‌ച ഭീഷണി സന്ദേശമെത്തിയത്.
ദ്വാരകയിലെ സെന്റ് തോമസ് സ്കൂളിൽ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. എന്തുകൊണ്ടാണ് ഡൽഹിയിലെ സ്കൂളുകളിൽ തുടർച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല. ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.
Read more
ഇ-മെയിൽ സ്പൂഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയിട്ടുള്ള ഇ-മെയിൽ സന്ദേശങ്ങളിലാണ് ഭീഷണി എത്തിയത്. അതിനാൽ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ലെന്നാണ് പോലീസും സൈബർ സെൽ ഉദ്യോഗസ്ഥരും പറയുന്നത്. തുടർച്ചയായി ഭീഷണി സന്ദേശം എത്തിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്തു സ്‌കൂളുകളിലും ഒരു കോളേജിലും ഭീഷണി സന്ദേശമെത്തിയിരുന്നു.