'പാര്‍ട്ടിയെ വിഴുങ്ങാന്‍ ശ്രമിക്കുന്നു; അണ്ണാമലൈയുടെ പ്രസ്താവനകള്‍ സഹിക്കാന്‍ വയ്യ'; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ; വന്‍ തിരിച്ചടി

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇനി ബിജെപിയുമായി സഖ്യമില്ലെന്ന് തമിഴ്‌നാട്ടിലെ പ്രധാനപ്രതിപക്ഷമായി അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. ബിജെപി തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കി വളരാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ കണ്ടിട്ടാണ് ഇത്തരമൊരു പ്രഖ്യാപനം പാര്‍ട്ടി വ്യക്താവ് ഡി. ജയകുമാര്‍ നടത്തിയിരിക്കുന്നത്. ഇരുപാര്‍ട്ടി നേതാക്കളും തമ്മലുള്ള കനത്ത വാക്പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത

എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിലെന്നും പത്രസമ്മേളനത്തരില്‍ ഡി.ജയകുമാര്‍ പറഞ്ഞു.

അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായിവരില്ലെന്നും കെ അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ചത്.

അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നും അണ്ണാ ഡിഎംകെയുടെ പിന്തുണയില്ലാതെ ബിജെപിക്ക് തമിഴ്‌നാട്ടില്‍ ജയിക്കാനാവില്ലെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. സഖ്യത്തിന്റെ പേരില്‍ ആര്‍ക്കും വഴങ്ങാന്‍ ബിജെപി തയ്യാറല്ലെന്ന് അണ്ണാമലൈ പറഞ്ഞു.

2024-ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരും. 2026-ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കും. അതിന് ആരുടെയും സഹായം വേണ്ടിവരില്ലെന്നാണ് അണ്ണാമലൈ പറഞ്ഞത്.
ബിജെപിയുടെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയയുണ്ട്. താന്‍ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാര്‍ട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാല്‍ അടിമയാകാന്‍ കഴിയില്ലെന്നും അണ്ണാമലൈ പറഞ്ഞു.പാര്‍ട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും സി.വി.ഷണ്‍മുഖം വെല്ലുവിളിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.